This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേട്ടണ്‍, ജോണ്‍ മിഡില്‍ട്ടണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലേട്ടണ്‍, ജോണ്‍ മിഡില്‍ട്ടണ്‍

Clayton, John Middleton (1796 - 1856)

യു.എസ്. രാഷ്ട്രീയനേതാവ്. ജോണ്‍ ക്ലേട്ടണ്‍ യു.എസ്സിലെ ഡാഗ്സ്ബറോയില്‍ 1796 ജൂല. 24-ന് ജനിച്ചു. ഡിലാവേറിലെ രാഷ്ട്രീയ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ക്വേക്കര്‍ കുടുംബത്തിലാണ് ജോണ്‍ ജനിച്ചത്. പാരമ്പര്യത്താലും പ്രതിഭയാലും അനുഗൃഹീതനായ ജോണ്‍ ഭരണകര്‍ത്താവ്, നിയമജ്ഞന്‍, വാഗ്മി, താര്‍ക്കികന്‍, രാഷ്ട്രമീമാംസകന്‍ എന്നീ നിലകളില്‍ പ്രഗല്ഭനായിരുന്നു. 1815-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നു ഡിഗ്രി എടുത്ത ജോണ്‍ 1819-ല്‍ വക്കീലായി പ്രാക്റ്റീസു തുടങ്ങി. 1824-ല്‍ സ്റ്റേറ്റ് ഹൗസ് ഒഫ് റെപ്രസന്റേറ്റീവില്‍ അംഗമായ ജോണ്‍ 1826-28 കാലത്ത് സെക്രട്ടറി ഒഫ് ഡിലാവേര്‍ ആയി പ്രവര്‍ത്തിച്ചു. 1829-ല്‍ സെനറ്ററായ ജോണ്‍ 1835-ല്‍ വിഗ് (Whig) പാര്‍ട്ടിയില്‍ അംഗമായി. 1837-ല്‍ ഡിലാവേറിലെ ചീഫ് ജസ്റ്റിസായി. 1845-ല്‍ വീണ്ടും സെനറ്ററായ ജോണ്‍ സമാധാനത്തിന്റെ പ്രതീകമായി സെനറ്റില്‍ നിലകൊണ്ടു. 1849-ല്‍ പ്രസിഡന്റ് ടൈലറുടെ മന്ത്രിസഭയില്‍ 'സെക്രട്ടറി ഒഫ് സ്റ്റേറ്റ്' ആയി. ഈ പദവിയിലിരിക്കുമ്പോഴാണ് സെന്‍ട്രല്‍ അമേരിക്കയിലെ പനാമ കടലിടുക്ക് മുറിച്ചു കടക്കുന്ന കനാല്‍ നിര്‍മാണാവകാശത്തര്‍ക്കം യോജിപ്പിലെത്തിച്ചത്. ഇതാണ് ക്ലേട്ടണ്‍-ബുള്‍വര്‍ സഖ്യം. യു.എസ്സും യു.കെയും തമ്മിലുള്ള ഈ കരാര്‍ 1850 ഏ. 19-ന് ഒപ്പുവച്ചു. 1853-ല്‍ വീണ്ടും സെനറ്ററായ ജോണ്‍ മരിക്കുന്നതുവരെ ആ പദവി വഹിച്ചു. 1856 ന. 9-ന് ഇദ്ദേഹം അന്തരിച്ചു.

(പി. ചന്ദ്രമോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍